Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>റിപ്പോര്‍ട്ട്

വര്‍ണരഹിത കാമ്പസുകളില്‍
വര്‍ണം വിതറിയ കാരവന്‍

 

# സി.പി ഹബീബ് റഹ്മാന്‍

 
 



വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ പേരില്‍ അക്രമരാഷ്ട്രീയവും ക്രിമിനലിസവും അരങ്ങുവാഴുന്ന കേരള കാമ്പസുകളില്‍ ഐക്യാഹ്വാനവും പുതിയകാല രാഷ്ട്രീയ മുന്നേറ്റത്തിനുള്ള ചുവടുവെപ്പും തീര്‍ത്തുകൊണ്ടാണ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് നയിച്ച കേരള കാമ്പസ് കാരവന്‍ കാമ്പസുകളിലൂടെ മുന്നേറിയത്. കാമ്പസുകളിലെ മതേതര ഭീകരതയെ തുറന്നുകാട്ടുക, ജനാധിപത്യ കാമ്പസിന് വിദ്യാര്‍ഥികളെ അണിനിരത്തുക, പുതിയകാല വിദ്യാര്‍ഥിരാഷ്ട്രീയത്തെയും ജനകീയ മുന്നേറ്റങ്ങളെയും പിന്തുണക്കുക, അക്രമ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സംവാദത്തിന്റെയും സഹിഷ്ണുതയുടെയും സംസ്‌കാരം പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളെയും കാമ്പസുകളെയും അരാഷ്ട്രീയവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചെറുക്കുക, സേവന സംസ്‌കാരം പ്രചരിപ്പിക്കുക, അക്കാദമിക മുന്നേറ്റത്തിനു ആഹ്വാനം ചെയ്യുക തുടങ്ങിയവയായിരുന്നു കാരവന്റെ ലക്ഷ്യങ്ങള്‍. മതദര്‍ശനത്തിന്റെ പിന്‍ബലമുള്ള പ്രസ്ഥാനങ്ങളെ വര്‍ഗീയമെന്നും അരാഷ്ട്രീയമെന്നും മുദ്രകുത്തി ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മതേതര നാട്യ സംഘടനകളുടെ ശ്രമങ്ങള്‍ കാമ്പസുകളെ വര്‍ഗീയതയിലേക്കും വിഭാഗീയതയിലേക്കും നയിക്കുമെന്ന് കാരവന്‍ ഓര്‍മപ്പെടുത്തി. സാമൂഹിക വിഷയങ്ങളില്‍ ഇടപെടാനുള്ള മതത്തിന്റെ ശേഷിയെക്കുറിച്ചുള്ള സംവാദമാണ് കാരവന്‍ ഉയര്‍ത്തിയത്. തികഞ്ഞ ബഹുസ്വരത നിലനില്‍ക്കുന്ന കാമ്പസുകളില്‍ എല്ലാ മതക്കാര്‍ക്കും സംഘടനകള്‍ക്കും ആശയക്കാര്‍ക്കും പ്രവര്‍ത്തിക്കാനും ആശയം കൈമാറാനും സഹിഷ്ണുതയോടും സഹവര്‍ത്തിത്വത്തോടെയും സഹവസിക്കാനുമായിരുന്നു കാരവന്റെ ആഹ്വാനം.
ജൂണ്‍ 21-ന് കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്തെ പൊവ്വല്‍ ജംഗ്ഷനില്‍ നിന്നാണ് കാരവന് തുടക്കം കുറിച്ചത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ജാഥാ ക്യാപ്റ്റന്‍ പി.എം സാലിഹിന് പതാക കൈമാറി. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് കെ.കെ സുഹൈല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാരവന് ആദ്യം സ്വീകരണം ലഭിച്ചത് വടക്കന്‍ കേരളത്തില്‍, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ എല്‍.ബി.എസിന്റെ മുറ്റത്തായിരുന്നു. കാരവന്‍ സംഘവും എസ്.ഐ.ഒ പ്രവര്‍ത്തകരും പ്രകടനമായിട്ടാണ് കാമ്പസില്‍ പ്രവേശിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെയും പടന്ന ശറഫ് കോളേജിലെയും സ്വീകരണത്തിനുശേഷം പയ്യന്നൂര്‍ ടൗണിലാണ് ഒന്നാം ദിവസം സമാപിച്ചത്. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സമരസമിതി കാരവന് അഭിവാദ്യമര്‍പ്പിച്ചു. പയ്യന്നൂര്‍ ടൗണില്‍ നടന്ന പൊതുസമ്മേളനത്തില്‍ എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് അബ്ദുര്‍റഫീഖ് (വെസ്റ്റ് ബംഗാള്‍), സി. ദാവൂദ് തുടങ്ങിയവര്‍ സംസാരിച്ചു.
തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍നിന്നാണ് രണ്ടാം ദിവസം ആരംഭിച്ചത്. കാരവന്റെ പ്രചരണാര്‍ഥം കോളേജ് പരിസരത്ത് സ്ഥാപിച്ചിരുന്ന ബാനറും പോസ്റ്ററുമൊക്കെ തലേദിവസം തന്നെ നശിപ്പിച്ചിരുന്നു. കാരവന്‍ കോളേജ് ഗെയ്റ്റിനുമുന്നില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്നു തടഞ്ഞ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണൂര്‍ നഗരത്തിലെ കൃഷ്ണമേനോന്‍ വിമണ്‍സ് കോളേജില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. വിദ്യാര്‍ഥിനികള്‍ പ്രകടനമായി വന്ന് കാരവനെ സ്വീകരിച്ച് കാമ്പസിലേക്ക് ആനയിച്ചു. മതേതര ഭീകരതയുടെ കണ്ണൂരിലെ കോട്ടയായ തലശ്ശേരി ബ്രണ്ണന്‍ കോളേജിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സ്വീകരണമാണ് ലഭിച്ചത്. പ്രസംഗങ്ങളും തെരുവ് നാടകങ്ങളും അവസാനിച്ചപ്പോള്‍ കാമ്പസില്‍ വീഡിയോ ഉപയോഗിച്ചു എന്ന ന്യായം പറഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘത്തെ തടഞ്ഞുവെച്ച് ഗെയിറ്റ് പൂട്ടി. കാമ്പസില്‍ വീഡിയോ ഉപയോഗിക്കുന്നതിന് പ്രിന്‍സിപ്പല്‍ രേഖാ മൂലം അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയിട്ടും ഒരു മണിക്കൂറിലേറെ തടഞ്ഞുവെക്കുകയായിരുന്നു. തലശ്ശേരി ടൗണിലും ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കോഴിക്കോട് മടപ്പള്ളി കോളേജിലും എസ്.എഫ്.ഐ കാരവന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. കാരവന്‍ എത്തുന്നതറിഞ്ഞ് പ്രിന്‍സിപ്പലിനെ സ്വാധീനിച്ച് ഉച്ചക്ക് തന്നെ കോളേജ് വിട്ടിരുന്നു. സംഘം കോളേജിനു മുന്നിലെത്തിയപ്പോള്‍ കൂക്കും തെറിയുമായി കാരവന്‍ അലങ്കോലപ്പെടുത്താനായിരുന്നു ശ്രമം. സംഘത്തെ ആക്രമിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. സമാപന സമ്മേളന കേന്ദ്രമായിരുന്ന കുറ്റിയാടിയിലേക്ക് ചെണ്ടമേളത്തിന്റെയും ദൃശ്യാവിഷ്‌കാരങ്ങളോടും കൂടി സ്ത്രീകളും കുട്ടികളും വന്‍ ഘോഷയാത്രയോടെയാണ് വരവേറ്റത്. വന്‍ജനാവലി പങ്കെടുത്ത പൊതുസമ്മേളനത്തില്‍ എസ്.ഐ.ഒ ദേശീയ സെക്രട്ടറി ഷാനവാസ് അലി റൈഹാന്‍ (ബംഗാള്‍), ഡോ. കെ. മുഹമ്മദ് നജീബ്, യു. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.
പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ കോളേജിലെ സ്വീകരണത്തോടെയാണ് മൂന്നാം ദിവസം ആരംഭിച്ചത്. ഇതുവരെ എസ്.എഫ്.ഐയുടേതല്ലാത്ത മറ്റു സംഘടനകളുടെ കൊടികള്‍ പോലും പാറാത്ത കാമ്പസിനകത്തേക്ക് എസ്.ഐ.ഒ കാരവന്‍ പ്രവേശിച്ചപ്പോള്‍ മറ്റു സംഘടനകളും അവരുടെ കൊടികളും ബാനറും ഉയര്‍ത്താന്‍ തുടങ്ങിയത് പുതിയ കാഴ്ചയായി. വയനാട് ജില്ലയിലെ സെന്റ്‌മേരീസ് കോളേജ് ബത്തേരി, ഡബ്ലിയു.എം.ഒ കോളേജ് മൂട്ടില്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മൂന്നാം ദിവസം കാരവന്‍ കല്‍പ്പറ്റയില്‍ സമാപിച്ചു. എസ്.ഐ.ഒ ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് സംസാരിച്ചു.
മുക്കം എം.എ.എം.ഒ കോളേജിലെ സ്വീകരണത്തോടെയാണ് നാലാം ദിവസം ആരംഭിച്ചത്. കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് കാരവനെ സ്വീകരിക്കാനെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജെ.ഡി.റ്റി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ലോ കോളേജിനു മുന്നില്‍ കാരവന്‍ തടയാനുള്ള പോലീസ് ശ്രമം കോളേജിലെ പ്രവര്‍ത്തകരുടെയും പ്രിന്‍സിപ്പലിന്റെയും ധീരമായ നിലപാടിനു മുന്നില്‍ പരാജയപ്പെട്ടു. കാമ്പസില്‍ കയറിയാല്‍ പ്രശ്‌നമുണ്ടാവുമെന്ന് പറഞ്ഞ് വന്‍ പോലീസ് പടയെ കാമ്പസിനു മുന്നില്‍ നിര്‍ത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ധൈര്യപൂര്‍വം കാമ്പസ് മുറ്റത്ത് ഗംഭീര സ്വീകരണം നല്‍കി. പഞ്ചവാദ്യങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് കാരവന്‍ ഫാറൂഖ് കോളേജിലേക്ക് ആനയിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന ഘോഷയാത്രയോടെ നാലാം ദിവസത്തെ സമാപന സമ്മേളന കേന്ദ്രമായ രാമനാട്ടുകരയില്‍ കാരവന് സ്വീകരണം ലഭിച്ചു. സമാപന സമ്മേളനത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, അബ്ദുല്‍ ഹക്കീം നദ്‌വി, ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചരിത്രമുറങ്ങുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലാണ് അഞ്ചാം ദിവസം കാരവന് ആദ്യ സ്വീകരണം ലഭിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസ്, അരീക്കോട് സുല്ലമുസ്സലാം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മഞ്ചേരിയില്‍ കാരവന് പൗരസ്വീകരണം ലഭിച്ചു. പിറ്റേ ദിവസം ശാന്തപുരം അല്‍ ജാമിഅയില്‍ നടന്ന സ്വീകരണത്തോടെ കാരവന്‍ പുനരാരംഭിച്ചു. എട്ടാം ദിവസം പട്ടാമ്പി ശ്രീശങ്കര സംസ്‌കൃത കോളേജില്‍നിന്ന് കാരവന്‍ ആരംഭിച്ചു. എസ്.എഫ്.ഐയുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രിന്‍സിപ്പല്‍ കാമ്പസില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പാലക്കാട് ഗവ. പോളിടെക്‌നിക്കിലെയും വിക്‌ടോറിയ കോളേജിലെയും സ്വീകരണത്തിനുശേഷം കാരവന്‍ ആലത്തൂരില്‍ സമാപിച്ചു. എസ്.ഐ.ഒ ദേശീയ സമിതിയംഗം മിസ്അബ് ഇഖ്ബാല്‍ (ബിഹാര്‍) മുഖ്യാഥിതിയായിരുന്നു.
തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലായിരുന്നു ഒന്‍പതാം ദിവസത്തെ ആദ്യ സ്വീകരണം. മെഡിക്കല്‍ കോളേജിലെയും മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെയും സ്വീകരണത്തിനുശേഷം കാരവന്‍ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി യൂനിയന്‍ ഇലക്ഷന്‍ പോലും നടക്കാത്ത മറ്റൊരു സംഘടനയെയും കാമ്പസിനകത്തോ പുറത്തോ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത മറ്റു സംഘടനാ പ്രവര്‍ത്തകരെ കായികമായി അടിച്ചൊതുക്കുന്ന മതേതരഭീകരതയുടെ 'ഗ്വാണ്ടോനാമ'യായി അറിയപ്പെടുന്ന തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് കാരവന്‍ കടന്നുചെന്നു. കാരവന്‍ വാഹനവും ശബ്ദ സംവിധാനമൊന്നും കാമ്പസിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം കെ. സാദിഖ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ എസ്.എഫ്.ഐ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള വന്‍സംഘം പരിപാടി അലങ്കോലപ്പെടുത്തി. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് പരിപാടി നടത്തുന്നത് എന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ കൂടുതല്‍ പേര്‍ സംഘടിച്ച് എസ്.ഐ.ഒ പ്രസിഡന്റടക്കമുള്ള കാരവന്‍ സംഘത്തിനുനേരെ ക്രൂരമായ അക്രമണം അഴിച്ചുവിടുകയും കല്ലേറ് നടത്തുകയും ചെയ്തു. എസ്.ഐ.ഒ കാരവനെ അക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എസ്.എഫ്.ഐ ആക്രമണത്തിന് ഒത്താശ നല്‍കുകയും നിസ്സംഗതയോടെ നോക്കിനില്‍ക്കുകയും ചെയ്ത പോലീസ് റോഡ് ഉപരോധിച്ചു എന്ന പേരില്‍ 14 എസ്.ഐ.ഒ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അതിനിടെ പരിപാടി വീക്ഷിക്കാനെത്തിയ മജീദ് എന്ന ജമാഅത്ത് പ്രവര്‍ത്തകനെ അകാരണമായി അറസ്റ്റ് ചെയ്യുകയും പോലീസ് ജീപ്പിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അന്നേദിവസം കൊടുങ്ങലൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി മുഹമ്മദ് ശമീം, ടി. ശാകിര്‍, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലെ സ്വീകരണത്തോടെയാണ് അടുത്ത ദിവസം കാരവന്‍ ആരംഭിച്ചത്. ശേഷം ലോ കോളേജിലേക്ക് പ്രവേശിച്ചപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വടിയും കല്ലുമായി ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസും പ്രിന്‍സിപ്പലും പ്രശ്‌നത്തില്‍ ഇടപെടുകയും കാരവനെ ഗേറ്റിന് പുറത്തേക്ക് തള്ളിമാറ്റുകയും ചെയ്തു. കുസാറ്റിലെ സ്വീകരണത്തിനുശേഷം കളമശ്ശേരി പോളിയില്‍ വെച്ചും കാരവന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. കാരവനെ പോലീസ് സംഘം ഗേറ്റിന് പുറത്തേക്ക് തള്ളിമാറ്റിയെങ്കിലും കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളും പരിപാടി വീക്ഷിക്കാന്‍ ഗേറ്റിന് പുറത്ത് തടിച്ചുകൂടി.
ആലുവ അസ്ഹര്‍ അറബിക് കോളേജിലെയും മാറമ്പള്ളി എം.ഇ.എസ് കോളജിലെയും സ്വീകരണത്തിനുശേഷം കാരവന്‍ മുവാറ്റുപുഴയില്‍ സമാപിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നായിരുന്നു അടുത്ത ദിവസം കാരവന്‍ ആരംഭിച്ചത്. തുടര്‍ന്ന് കോട്ടയം ജില്ലയിലെ അല്‍മനാര്‍ സ്‌കൂള്‍ ഇരാറ്റുപേട്ട, എം.ജി യൂനിവേഴ്‌സിറ്റി, സി.എം.എസ് കോളേജ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചങ്ങനാശ്ശേരിയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി ശൂറാംഗം യൂസുഫ് ഉമരി പ്രഭാഷണം നടത്തി.
പുന്നപ്ര എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് ആലപ്പുഴ ജില്ലയിലെ സ്വീകരണം ആരംഭിച്ചത്. എസ്.ഡി കോളേജില്‍ നടന്ന സ്വീകരണ സമ്മേളനം എസ്.എഫ്.ഐ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. പ്രിന്‍സിപ്പലും അധ്യാപകരും ഇടപെട്ട് വിദ്യാര്‍ഥികളെ തടയുകയും കാരവന്‍ സംഘത്തെ കാമ്പസില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടക്കുകയുമാണുണ്ടായത്. ടി.ഡി മെഡിക്കല്‍ കോളേജില്‍ എത്തിയ കാരവനെ കോളേജിന്റെ ഗേറ്റ് അടച്ച് പോലീസ് തടഞ്ഞു. നീര്‍ക്കുന്നം അല്‍ഹുദ സ്‌കൂളിലെയും കായംകുളം എം.എസ്.എം കോളേജിലെയും സ്വീകരണത്തിനുശേഷം കായംകുളം ടൗണില്‍ വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും നടന്നു. എസ്.ഐ.ഒ ദേശീയ സമിതിംഗം ഹശ്മത്തുല്ല ഖാന്‍ (കര്‍ണാടക), സോളിഡാരിറ്റി വൈസ് പ്രസിഡന്റ് കെ.എ ശഫീഖ് എന്നിവര്‍ സംസാരിച്ചു.
പന്തളത്തു നിന്നാണ് പത്തനംതിട്ട ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പത്തനാപുരത്ത് നടന്ന സ്വീകരണ യോഗത്തിനു ശേഷം അഞ്ചലില്‍ വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും നടന്നു. ഫാ. അബ്രഹാം ജോസഫ്, പി.എം സാലിഹ് എന്നിവര്‍ സംസാരിച്ചു. അടുത്ത ദിവസം ഉമയനല്ലൂര്‍, കണ്ണനല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടന്നു. തിരുവനന്തപുരം ജില്ലയിലായിരുന്നു അവസാന ദിവസത്തെ പര്യടനം. സി.എച്ച്.എം ചാരുമൂട്, വര്‍ക്കല കോളനി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആറ്റിങ്ങല്‍ ഗവ. കോളേജ്, കാര്യവട്ടം കാമ്പസ്, എഞ്ചിനീയറിംഗ് കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വന്‍ സ്വീകരണം ഏറ്റുവാങ്ങി. ഓരോ കാമ്പസിനു മുന്നിലും വന്‍ പോലീസ് സംഘം ഗേറ്റ് അടച്ച് തടഞ്ഞതിനാല്‍ കാരവന് കാമ്പസില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. അവസാന സ്വീകരണ കേന്ദ്രമായ, എസ്.എഫ്.ഐ ഭീകരതക്ക് കേളികേട്ട യൂനിവേഴ്‌സിറ്റി കോളേജിലേക്കുള്ള പ്രയാണം വന്‍ പോലീസ് സന്നാഹം തടഞ്ഞു. എസ്.എഫ്.ഐ ഉപവാസം നടക്കുന്നതിനാല്‍ അങ്ങോട്ട് വിടാനാവില്ലെന്നായിരുന്നു പോലീസ് ഭാഷ്യം. പോലീസ് എസ്.എഫ്.ഐക്ക് കൂട്ടുനിന്ന് കാരവന്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സംഘര്‍ഷം പ്രതീക്ഷിച്ച വന്‍ മീഡിയ പട തന്നെ സ്ഥലത്തെത്തിയിരുന്നു. ശേഷം ഗാന്ധിപാര്‍ക്കില്‍ നടന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള ജന. സെക്രട്ടറി എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എസ്.എഫ്.ഐയുടെ ധാര്‍ഷ്ഠ്യത്തിന് സി.പി.എം പോലീസിനെ ഉപയോഗിക്കുകയാണ്. സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവില്‍ സമരം ചെയ്യുന്നവര്‍ തന്നെയാണ് കാമ്പസില്‍ ജനാധിപത്യം നിഷേധിച്ച് മറ്റു സംഘടനകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ ആസാം സോണല്‍ പ്രസിഡന്റ് സൈഫുല്‍ ആലം സിദ്ദീഖി മുഖ്യാഥിതിയായിരുന്നു. ജാഥാ ക്യാപ്റ്റന്‍ പി.എം സാലിഹ് സമാപന പ്രഭാഷണം നിര്‍വഹിച്ചു. കാരവനിലുടനീളം 'കേരള കാമ്പസ് കഫെ' എന്ന തെരുവ് നാടകവും അവതരിപ്പിച്ചിരുന്നു.
കാരവന്‍ ഉയര്‍ത്തിയ
ആവശ്യങ്ങള്‍

സ്വാശ്രയം: 50:50 പ്രവേശനം ഒഴിവാക്കുക; ഫീ റഗുലേറ്ററി കമ്മീഷന്‍ രൂപവത്കരിക്കുക; കേന്ദ്ര നിയമം കൊണ്ടുവരിക, കാമ്പസുകളിലെ ക്രിമിനല്‍-ഗുണ്ടാ രാഷ്ട്രീയം അവസാനിപ്പിക്കുക, സര്‍വകലാശാലകളുടെ നിലവാരമുയര്‍ത്തുക, കേരളത്തില്‍ പുതിയ യൂനിവേഴ്‌സിറ്റികള്‍ ആരംഭിക്കുക, ഹോസ്റ്റലുകള്‍ക്ക് പൊതുവായ ഫീസ് ഘടന ഉറപ്പുവരുത്തുക, തോട്ടം തൊഴിലാളി മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് തയാറാക്കുക, ആദിവാസി തീരദേശ വിദ്യാഭ്യാസപദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുക, മലബാര്‍ വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കുക, കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്‍സ് ഒണ്‍ലി ബസ്സ് സര്‍വീസ് ആരംഭിക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കൂട്ടായ ശ്രമങ്ങളുണ്ടാവുക, സ്‌കോളര്‍ഷിപ്പ് ബുക്ക് ലെറ്റ് പുറത്തിറക്കുക, ആശ്രമങ്ങളിലെയും ആനാഥാലയങ്ങളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷയും പുരോഗതിയും ഉറപ്പുവരുക്കുക, ന്യൂനപക്ഷ വിദ്യഭ്യാസ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കുക, കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലക്ക് ഭൂമി അനുവദിക്കുക, മലബാര്‍ മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ ജില്ലകള്‍ അനുവദിക്കുക, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുക, കൂടുതല്‍ പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കുക, വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ മേഖലകളില്‍ പുതിയ കോളേജുകള്‍ സ്ഥാപിക്കുക, മലപ്പുറം ജില്ലയില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുക, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിഭജിച്ച് പാലക്കാട് ജില്ലയില്‍ പുതിയ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുക, പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുക, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സബ് സെന്റര്‍ തൃശ്ശൂരില്‍ ആരംഭിക്കുക, കോഴ്‌സുകള്‍ നവീകരിക്കുക, കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുക, ആലപ്പുഴ റ്റി.ഡി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കുസാറ്റിലെ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ കാരവന്‍ ഉയര്‍ത്തി.
(എസ്.ഐ.ഒ കേരള സെക്രട്ടറിയാണ് ലേഖകന്‍)

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly